PINDA NANDI
BY SREE NARAYANA GURU
ഗര്‍ഭത്തില്‍ വെച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമമ്പൊടു വളര്‍ത്ത കൃപാലുവല്ലീ
കല്‍പ്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങുശംഭോ!
മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍
പിണ്ഡത്തിനന്നമൃതു നല്‍കി വളര്‍ത്ത ശംഭോ!
കല്ലിന്നകത്തുകുടിവാഴുമൊരല്‍പ്പജന്തു-
വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു;
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-
റ്റെല്ലാരുമിങ്ങിതിലിരുന്നു വളര്‍ന്നിടുന്നു.
ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
ലെന്തൊന്നുകൊണ്ടിതുവളര്‍ന്നതഹോ വിചിത്രം!
എന്‍ തമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
ലന്ധത്വമില്ലിതിനു നീയരുളീടു ശംഭോ!
നാലഞ്ചുമാസമൊരുപോല്‍ നയനങ്ങള്‍ വെച്ചു
കാലന്റെ കയ്യിലണയാതെ വളര്‍ത്തി നീയേ
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേള്‍ക്ക ശംഭോ!
രേതസ്സു തന്നെയിതു രക്തമൊടും കലര്‍ന്നു
നാദം തിരണ്ടുരുവതായ് നടുവില്‍ക്കിടന്നേന്‍
മാതാവുമില്ലവിടെയന്നു പിതാവുമില്ലെന്‍
താതന്‍ വളര്‍ത്തിയവനാണിവനിന്നു ശംഭോ!
അന്നുള്ള വേദന മറന്നതു നന്നുണര്‍ന്നാ-
ലിന്നിങ്ങുതന്നെരിയില്‍ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ!
എന്‍ തള്ളയെന്നെയകമേ ചുമടായ് കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീര്‍പ്പുമിട്ടു
നൊന്തിങ്ങുപെറ്റു നരിപോലെ കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ!
എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ!
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!
BY SREE NARAYANA GURU