ANUKAMBA DASAKAM
ANUKAMBA DASAKAM BY SREE NARAYANA GURUDEVAN
“ഒരുപീഡയെറുമ്പിനും വരുത്തരുത്”
BY SREE NARAYANA GURUDEVAN
Verse 1:
ഒരുപീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്‌കുകുള്ളില്‍ നിന്‍-
തിരുമെയ്‌വിട്ടകലാതെ ചിന്തയും.
Verse 2:
അരുളാല്‍ വരുമിമ്പമന്‍പക-
ന്നൊരു നെഞ്ചാല്‍ വരുമല്ലലൊക്കെയും
ഇരുളന്‍പിനെ മാറ്റുമല്ലലിന്‍-
കരുവാകും കരുവാമിതേതിനും.
Verse 3:
അരുളന്‍പനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
“അരുളുള്ളവാനാണു ജീവി” യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരി.
Verse 4:
അരുളില്ലയതെങ്കിലസ്ഥി തോല്‍
സിര നാറുന്നൊരുടമ്പുതാനവന്‍;
മരുവില്‍ പ്രവഹിക്കുമംബുവ-
പ്പുരുഷന്‍ നിഷ്‌ഫലഗന്ധപുഷ്‌പമാം.
Verse 5:
വരുമാറുവിധം വികാരവും
വരുമാറില്ലറിവിന്നിതിന്നു നേര്‍;
ഉരുവാമൂടല്‍വിട്ടു കീര്‍ത്തിയാ-
മുരുവാര്‍ന്നിങ്ങനുകമ്പ നിന്നിടും.
Verse 6:
പരമാര്‍ത്ഥമുരച്ചു തേര്‍വിടും
പൊരുളോ? ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യാകാരനാം-
ഗുരുവോയീയനുകമ്പയാണ്ടവന്‍?
Verse 7:
പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതിപൂണ്ട ധര്‍മ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാന്‍ നബി മുത്തുരത്നമോ?
Verse 8:
ജ്വരമാറ്റി വിഭൂതികൊണ്ടു മു-
ന്നരിതാം വേലകള്‍ ചെയ്ത മൂര്‍ത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമാം നോവുകെടുത്ത സിദ്ധനോ?
Verse 9:
ഹരനന്നെഴുതി പ്രസിദ്ധമാം-
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലോടുപോയോര-
പ്പരമേശന്റെ പരാര്‍ത്ഥ്യഭക്തനോ?
Verse 10:
നരരൂപമെടുത്തു ഭൂമിയില്‍
പെരുമാറീടിന കാമധേനുവോ?
പരമാദ്‌ഭൂതദാനദേവതാ-
തരുവോയീയനുകമ്പയാണ്ടവന്‍?